Third day, and it’s still raining…
28 August 2011 07:05 am
വല്യ കാര്യത്തിന് മഴ നനയാൻ പുറപ്പെട്ടു ഇറങ്ങിയതാ. തണുത്ത കാറ്റും ചാറ്റലും അടിച്ചു പല്ലു കൂട്ടിമുട്ടുന്നപോലെ നിന്ന് വിറച്ചപ്പോൾ തിരികെ കേറി. വീണ്ടും പുതപ്പിനടിയിൽ; ജനലിലൂടെ മഴയെ നോക്കി കാണുന്നു… കാതിൽ മഴയുടെ ശബ്ദം…
വെളുപ്പാം കാലത്തെ മഴ!!!
Time: 07:24 am
മഴ പോലെ പെയ്യുന്ന ചില ഓര്‍മ്മകള്‍.. വാതിലടച്ചിട്ടാലും മനസ്സില്‍ മുഴങ്ങുന്ന മഴക്കാല സ്മരണകള്‍..
വളപ്പിലെ വീട്ടില്‍ പടിഞ്ഞാറേ മുറിയില്‍ കിടക്കുമ്പോള്‍ ചിലപ്പോഴെങ്കിലും എന്നെ പേടിപ്പിച്ചിട്ടുള്ള കടല്‍ക്കാറ്റ്;
അത് വന്നു ജനലില്‍ മുട്ടുമ്പോള്‍ പണ്ട് ആ മുറിയില്‍ കിടന്നു മരിച്ച വല്ല്യപ്പൂപ്പന്റെയും അമ്മൂമ്മയുടെയും പ്രേതാത്മാക്കളാണെന്ന് വിശ്വസിച്ചിരുന്ന ഒരു കാലം..
പിന്നെ കാതില്‍ കോരിച്ചൊരിയുന്ന മഴയുടെ ആരവത്തോടൊപ്പം തവളകളുടെ കൂട്ടക്കരച്ചില്‍;
അപ്പുറത്തെ മുറിയില്‍ ‘ഞാന്‍ പേടിച്ചു നിലവിളിക്കുന്നുണ്ടോ’ എന്ന് കാതോര്‍ത്തു കിടന്നിരുന്ന എന്‍റെ വളപ്പില്‍അച്ഛന്‍..
സഹിച്ചു കിടന്നാലും ഇടയ്ക്കൊക്കെ ഓടി അടുത്ത മുറിയില്‍ ചെല്ലുമ്പോള്‍ എനിക്കു കിടക്കാന്‍ വേണ്ടി ഒതുങ്ങി കിടന്നു തരുന്ന വളപ്പിലമ്മ..
ഒടുവില്‍ ഒരു മഴക്കാലത്ത് ഓര്‍മ്മയില്‍ മറഞ്ഞു വളപ്പിലച്ചന്‍.
മുറ്റത്ത് കെട്ടി നില്‍ക്കുന്ന വെള്ളം കാണുമ്പോള്‍ “വെള്ളത്തില്‍ ഇറങ്ങരുത്” എന്ന് ഒരിക്കല്‍ പോലും എന്നോട് പറഞ്ഞിട്ടില്ലാത്ത, മണ്ണിനെയും വെള്ളത്തിനെയും പറമ്പിനെയും സ്നേഹിച്ച ആ മുഖം മനസ്സില്‍ തെളിയുന്നു..
ഇപ്പോള്‍ വളപ്പ് വീട്ടില്‍ പോകുമ്പോഴൊന്നും രാത്രി തങ്ങാറില്ല.
അഥവാ തങ്ങിയാല്‍ തന്നെ ആ പടിഞ്ഞാറേ മുറിയില്‍ കിടക്കാറില്ല.
തവളകളുടെ പോയിട്ട് ഒരു തവളയുടെ പോലും കരച്ചില്‍ കേള്‍ക്കാനില്ല. കാറ്റടിച്ചാല്‍ പോലും ഞാന്‍ അറിയാറില്ല.
പറമ്പിലേക്ക് നോക്കാനോ ഇറങ്ങാനോ തോന്നാറില്ല.
മഴ ഒരു ഉത്സവമായി കൊണ്ടാടിയ നാളുകള്‍ ഇനി ഓര്‍മ്മയില്‍ മാത്രം….
മഴവെള്ളം വീണു നിറഞ്ഞിരുന്ന തെക്ക് വശത്തെ ടാങ്കും ചോരാന്‍ തുടങ്ങി. പിന്നെയാണോ മനസ്സ്!!!..
Time: 07:57 am
***
ഒരു മഴക്കാലത്തിനു മനുവിന്‍റെ മുഖവുമുണ്ടായിരുന്നു..
കാറ്റടിച്ച് കലണ്ടര്‍ ചുവരില്‍ തട്ടികൊണ്ടിരുന്ന ശബ്ദം കേട്ട് ‘വേറെന്തൊക്കെയോ’ ആണെന്ന് തെറ്റിദ്ധരിച്ചു ഒരു രാത്രി മുഴുവന്‍ ഉറങ്ങാതെ ഇരുന്നപ്പോള്‍ അതെന്തെന്നു കണ്ടു പിടിക്കാന്‍ കൂട്ടിരുന്ന കൂട്ടുകാരൻ…
മറ്റൊരു ഫ്രെയ്മില്‍ കോരിച്ചൊരിയുന്ന മഴയുടെ ബാക്ക്ഗ്രൌണ്ടില്‍ ഒരു ബൈക്ക് യാത്രയായിരുന്നു.. ഇടയ്ക്കെപ്പോഴോ വണ്ടി നിര്‍ത്തി ഏതോ കടയുടെ ( അതൊരു മെഡിക്കല്‍ ഷോപ്പ് ആയിരുന്നു) വാതില്‍ക്കല്‍ കേറി നിന്നപ്പോള്‍ അതുവഴി പോയവരെല്ലാം കണ്ണുരുട്ടി നോക്കി. ഒടുവില്‍ കടക്കാരന്‍ കടയടച്ചു. ( 10 മണി കഴിഞ്ഞിരുന്നു) യാത്ര വീണ്ടും തുടര്‍ന്നു..
പിന്നെ ഒരു മഴക്കാലചിത്രം— രാജനഗരിയില്‍ നഗ്നപാതയായ് നടന്നപ്പോള്‍ കാലില്‍ കുത്തിക്കൊണ്ട ഓരോ കല്ലിനെയും മുള്ളിനെയും പ്രാകി ഒരു ചെരുപ്പ് കടവരെ നായികയെ എത്തിക്കും വരെ ഹൃദയം നുറുങ്ങുന്ന വേദനയുമായി ദയനീയമായി മുഖത്തേക്ക് നോക്കികൊണ്ടിരുന്ന കഥാനായകന്‍..
പിന്നെ ഒരു കുട കൊണ്ട് മറയുണ്ടാക്കി മഴയെ മുഴുവനായി ആസ്വദിച്ച ആ നിമിഷം.,
Time: 08:15 am
എന്‍റെ മഴപ്രാന്ത് ഇങ്ങനെ വന്നുകൊണ്ടേയിരിക്കും..
ഒന്നും അടുക്കും ചിട്ടയോടെയും എഴുതി ഉണ്ടാക്കുന്നതല്ല.. വരുന്നപോലെ എഴുതുന്നു; എഴുതികഴിഞ്ഞു വായിക്കുന്ന ശീലമില്ലാത്ത കൊണ്ട് പ്രശ്നമില്ല. ഞാനും എന്‍റെ മഴയും. ഞാന്‍ അനുഭവിക്കാത്ത മഴയുടെ ഭാവങ്ങള്‍ ഇല്ലെന്നു തോന്നുന്നു…
എത്ര എഴുതിയാലും തീരാത്തത്ര പ്രണയമാണ് എനിക്ക് മഴയോട്..