The Wind that Wanders

To wander is to be alive.

പുതിയ വീട്ടില്‍ താമസം തുടങ്ങിയപ്പോള്‍ മുതല്‍ ഗുജറാത്തിലെ വീടിന്റെ ഓര്‍മ്മകളായിരുന്നു. വീട്ടിലേക്കു സാധനങ്ങള്‍ വാങ്ങാന്‍ ഇടയ്ക്കുള്ള കേരള സ്റ്റോര്‍ സന്ദര്‍ശനങ്ങളും.. രണ്ടു ദിവസം മുന്പ് ആ ഓര്‍മ്മകള്‍ അയവിറക്കാന്‍ എന്ന വണ്ണം അടുത്തുള്ള കേരള സ്റ്റോറില്‍ പോയി ഉണക്ക ചെമ്മീന്‍ ഉണ്ടോന്നു നോക്കീട്ടു വരാന്നു കരുതി. ചുമ്മാ പോയതാ.. മലയാളി ബന്ധങ്ങളൊക്കെ ഒന്ന് revive ചെയ്യാന്‍ വേണ്ടി. (മലയാളി ആയതു കൊണ്ട് കുറച്ചു പൈസ കുറച്ചു കുറെ നല്ല furniture കിട്ടിയതിന്റെ ത്രില്ലില്‍ എന്ന് വേണം പറയാന്‍. ഏതാണ്ട് നാല് കൊല്ലത്തിനുള്ളില്‍ “മലയാളി” ആയതുകൊണ്ട് ഉണ്ടായിട്ടുള്ള ഒരേയൊരു ഉപകാരം)
എന്തായാലും “മലയാളിത്തം” തിരിച്ചു പിടിക്കാന്‍ വേണ്ടി കടയില്‍ ചെന്നപ്പോള്‍ കുറെ നേരമായിട്ടും പുള്ളികാരന്‍ വല്ല്യ മൈന്‍ഡ് ഒന്നുമില്ല.. വേറെ ഒരു കസ്റ്റമര്‍നെ ഡീല്‍ ചെയ്തുകൊണ്ടിരിക്കുന്നെങ്കിലും കടയില്‍ ആളെത്തി എന്ന ഒരു ഭാവമെങ്കിലും വേണ്ടേ? സഹികെട്ട് ഞാന്‍ ചോദിച്ചു : “ അങ്കിളേ തേങ്ങയുണ്ടോ? “
പുള്ളിക്കാരന്‍ പെട്ടെന്ന് ഒന്ന് തിരിഞ്ഞു അടിമുടി നോക്കി.. “ ഏ! മലയാളിയായിരുന്നോ” !
(അല്ല തമിഴത്തി എന്ന് പറയാനാണ് വായില്‍ വന്നത്. പക്ഷേ ആകെക്കൂടെയുള്ള “മലയാളി privilege” കളയണ്ട എന്ന് കരുതി- അതെ-യില്‍ ഒതുക്കി..)
തേങ്ങ തീരെ ചെറിയാതാ അത്രേ, വലുത് വരുമ്പോള്‍ വിളിച്ചു പറയാം, ഉള്ളിയുടെ വില കേട്ടാല്‍ ഞെട്ടും, ഉണക്ക ചെമ്മീന്‍ ഇല്ല.. എന്നിങ്ങനെ പോയി ചോദ്യോത്തരങ്ങള്‍. . ശൊ! ഞാന്‍ ആകെ നിരാശയിലാണ്ടപ്പോള്‍ പുള്ളി പതുക്കെ പറഞ്ഞു- “അതെ, വേറെ ഒരു സാധനം ഉണ്ട്. അത് വേണോ?”
ഇതിപ്പ ഇത്ര വല്ല്യ രഹസ്യം എന്താന്നു വെച്ച് ഞാന്‍ വെയിറ്റ് ചെയ്തു.. പുള്ളി അകത്തെ മുറിയില്‍ പോയി ഒരു carton എടുത്തോണ്ട് വന്നു. ചീഞ്ഞ, അല്ല ഉണക്ക മീനുകള്‍- അങ്ങോട്ട്‌ കേറി വന്നപ്പോഴുണ്ടായ വാടയുടെ ഉറവിടം മനസ്സിലായി.. മാന്തല്‍, മുള്ളന്‍ സ്രാവ്.. ഒന്നും എന്റെ ടൈപ്പേ അല്ല.
സാധാരണ മാന്തലും മുള്ളനും വീട്ടില്‍ ഇപ്പോഴും വാങ്ങാറുള്ളതാ.എന്റെ അറിവിലും ഓര്‍മ്മയിലും ഉള്ള മാന്തലിനെക്കാളും, മുള്ളനെക്കാളും വളരെ ശോചനീയമായ അവസ്ഥ..! സ്രാവ് അങ്ങനെ വാങ്ങാറില്ല.. അതുകൊണ്ട് തന്നെ സ്രാവിനെ പറ്റി അറിയില്ല.. പുള്ളിക്കാരന്‍ എന്റെ സംശയത്തിന്റെ സാധുത മനസ്സിലാക്കികൊണ്ടായിരിക്കണം.. ഓരോന്നായി വിശദീകരിക്കാന്‍ തുടങ്ങി.
സ്രാവ് വൃത്തിയാക്കുന്നതും ഉണ്ടാക്കുന്നതുമൊക്കെ വിശദീകരിച്ചു തന്നു.. അന്നിട്ട്‌ വളരെ ശ്രദ്ധയോടെ പൊതിഞ്ഞു ഒരു പോളിത്തീന്‍ ബാഗില്‍ ഇട്ടു തന്നു. എഴുപതു രൂപയും വാങ്ങി. ഒരു അഞ്ചു സെന്റിമീറ്റര്‍ വലിപ്പമുള്ള സാധനം എങ്കിലും നാറ്റം ഒരു മീന്‍ മാര്‍കെറ്റിനേക്കാള്‍. സഹിക്കാന്‍ വയ്യ. രണ്ടു ദിവസം തൊട്ടില്ല. ഇന്നെന്തായാലും എന്താണ് അവസ്ഥ എന്ന് നോക്കി കളയാം എന്ന് കരുതി അടുക്കളയില്‍ കേറി ഭദ്രമായി പൊതിഞ്ഞ മീന്‍ കഷണം എടുത്തു. അതിന്റെ പ്ലാസ്റ്റിക്‌ കവര്‍ മുറിച്ചതും വീടാകെ ഒരു ചീഞ്ഞ മീനിന്റെ മണം. ഉണക്കിയതാ..
എന്തായാലും അത് വെള്ളത്തില്‍ കുതിര്തിട്ടു ഒരു ദിവസം വെച്ച്, അന്നിട്ടും തൊലി ഇളകി വന്നില്ല.. പുതിയ കത്തിയും , കത്രികയും ആ മീനിന്റെ മാംസത്തില്‍ കുത്തി ഇറക്കിയപ്പോള്‍ , കരച്ചില്‍ വന്നു.. സത്യത്തില്‍.. അത്രയ്ക്ക് നാറ്റം.. മാത്രമല്ല വല്ലാത്ത കട്ടിയും.. (തൊലിക്ക്)
എങ്ങനെയൊക്കെയോ ഒരു നീണ്ട യുദ്ധത്തിനൊടുവില്‍ അത് അത് വൃത്തിയാക്കി ഫ്രീസറില്‍ വെച്ച്. ഇനി വറുക്കുമ്പോള്‍ എന്താ സംഭവിക്കുന്നതെന്ന് അറിയില്ല..
വീട് നിറയെ നാറ്റം.. റൂം ഫ്രെഷ്നെര്‍കളും perfumeകളും പിന്നെ എല്ലാത്തിനും മേലെ നില്‍ക്കുന്ന സ്രാവിന്റെ മണവും..!
നാളെ ഇവിടെന്ന് എന്നെ ഇറക്കി വിടാതിരുന്നാല്‍ മതിയായിരുന്നു..!

എന്തായാലും എന്റെ ഉള്ളിലെ മലയാളി എന്നെ നോക്കി തന്നെ കോക്രികാണിക്കുന്നു..

Share this post

Leave a Reply

Your email address will not be published. Required fields are marked *