The Wind that Wanders

To wander is to be alive.

വര്‍ഷങ്ങള്‍ കുറെയായി.. തേങ്ങ ഇട്ട എന്തെങ്കിലും കഴിച്ചിട്ട്.. ഹോസ്റ്റല്‍ ജീവിതവും പിന്നെ തേങ്ങയുടെയും ചിരവയുടെയും ‘ക്ഷാമം’… ആനന്ദില്‍ വന്നപ്പോഴും ഗതി അത് തന്നെ.. തേങ്ങ കേരള സ്റ്റോറില്‍ കിട്ടുമെന്ന് വെക്കാം; പക്ഷേ ചിരവയില്ല… എന്തായാലും ആഗസ്റ്റില്‍ നാട്ടില്‍ പോകുന്നവരെ ആ കൊതി കണ്ട്രോള്‍ ചെയ്യാമെന്ന് നിശ്ചയിചിരുന്നപ്പോഴാണ് ഇന്നലെ ഓഫീസില്‍ നിന്ന് വരുന്ന വഴി കുറച്ചു വാഴപ്പിണ്ടി കിട്ടിയത്.. അതുമായി പോകുന്നവഴി ‘കേരളക്കട’യില്‍ കേറി.. അമ്മ വിളിച്ചപ്പോള്‍ വീണ്ടും മൂന്ന് മാസമായി നിര്‍ത്താതെ എന്നും പറയുന്ന പരാതികളുടെ കെട്ടഴിച്ചു.. ജോലി, തിരക്ക്, യാത്ര, അലക്കല്‍, ഭക്ഷണം, ഒടുവില്‍ സംസാരം വാഴപ്പിണ്ടിയിലും ചിരവയിലും ചെന്ന് നിന്നു.. (കേരളക്കടയില്‍ മലയാളികളുണ്ട് എന്ന കാര്യം തല്ക്കാലം മറന്നു) ഇടയ്ക്ക് അവിടെ നിന്നുള്ള സംസാരവും കേള്‍ക്കാം.ശ്രദ്ധിച്ചില്ല; എന്നാല്‍ ‘ചിരവ’ എന്ന് കേട്ടപ്പോള്‍ അമ്മയോട് മിണ്ടാതിരിക്കാന്‍ പറഞ്ഞ് അത് കാതോര്‍ത്തു..; “കൊച്ചിന് ചെരവ കൊടുക്കെടാ’ ‘അതിനു ആവശ്യക്കാര്‍ ഇങ്ങോടല്ലേ വരേണ്ടത്!!” ഫോണ്‍ കട്ട്‌ ചെയ്തു; അമ്മയോട് പറഞ്ഞില്ല..

അവര്‍ എന്‍റെ സംഭാഷണം ശ്രദ്ധിക്കുകയായിരുന്നുവെന്നും, എനിക്ക് ‘ചിരവ തരുന്ന കാര്യമായിരുന്നു’ അവിടെ ഡിസ്കസ്സ് ചെയ്തിരുന്നതെന്നും മനസ്സിലായി..

“എവിടെ ചെരവ??” ഞാന്‍ ചോദിച്ചു..
കടയിലെ ചേട്ടന്‍ ഒരു ചിരവ എടുത്തു കാണിച്ചു.. ഹ്മം തൃപ്തിയായില്ല.. (അടുക്കളിയിലെ സ്ലാബില്‍ ഫിറ്റ്‌ ചെയ്യുന്ന ചിരവ).. എങ്കിലും വാങ്ങി.. 130 രൂപ..
പിന്നെ ഉള്ളിയും, തേങ്ങയും( പൊട്ടിച്ചു തരാന്‍ പറഞ്ഞപ്പോള്‍ അടുത്ത് നിന്നവരുടെ വക കമന്റ്‌; പൊട്ടിച്ചു കൊടുത്തേക്ക്; അല്ലേല്‍ ഇനി വാക്കത്തി അന്വേഷിച്ചു നടക്കേണ്ടി വരും പാവം!) പച്ചക്കായും ശര്ക്കരയുമൊക്കെ വാങ്ങി.. വീട്ടില്‍ ചെന്ന് ചിരവ ഐശ്വര്യമായി സ്റ്റോര്‍ റൂമില്‍ ഫിറ്റ്‌ ചെയ്തു.. പണി തുടങ്ങി.. (വാഴപ്പിണ്ടി നന്നാക്കുന്നത് ഒരു ‘പണി’ തന്നെയാണ്.) നന്നാക്കി കുറച്ചെടുത്ത് വേവിച്ചു താളിച്ചു; ചോറും വെച്ചു.. (രാത്രി ചോറ് പതിവുള്ളതല്ല)..

രാവിലെ ആറു മണിക്ക് എഴുന്നേറ്റു വീണ്ടും പണി തുടങ്ങി.
ഇത്രയും നാള്‍ തേങ്ങ കഴിക്കാതിരുന്നതിന്‍റെ എല്ലാം ഇനി വരുന്ന ദിവസങ്ങളില്‍ തീര്‍ക്കണം–എഴുന്നേറ്റപ്പോഴേ മനസ്സില്‍ ഇതായിരുന്നു ചിന്ത..

.. തേങ്ങ ചെരണ്ടി; ചെറുപയറും വാഴപ്പിണ്ടിയും തേങ്ങ അരച്ച് വെച്ചു… 🙂

പോരാത്തതിന് തേങ്ങയിട്ട ഒരു ഉപ്പുമാവും ഉണ്ടാക്കി..

കഴിച്ചു കൊണ്ടിരുന്നപ്പോള്‍ ആലോചിച്ചു….

ശനിയും ഞായറും വീട്ടിലിരുന്നു കൊഴുക്കട്ടയും; അവല് വിളയിച്ചതുമൊക്കെ ഉണ്ടാക്കണം..

എന്‍റെ ‘തേങ്ങാനാളുകള്‍’ ഇവിടെ തുടങ്ങുകയായി..

10 August 2012 10:56

Share this post

Leave a Reply

Your email address will not be published. Required fields are marked *