“മീനുവേ, താനെന്നാടോ ബോംബയ്ക്ക് പോകുന്നത്?”
“ഉടനെ, എന്തേ?” …!
“ഒന്നൂല്ലെടോ, താന്‍ പോകുമ്പോ ഞാനും വരുന്നു…”
ജൂണ്‍ ഫസ്റ്റ് വീക്ക് ആയിരിക്കും; on 8th may be. Confirm ചെയ്തിട്ടില്ല.
“എനിക്കൊന്നു വരണം തന്റെ കൂടെ.. ( അവന്‍ ഒന്ന് നിര്‍ത്തിയിട്ടു , തുടര്‍ന്നു).ബോംബേല് വരണം മീനു… മോളേ താന്‍…” അവന്‍ അതുവരെ പറഞ്ഞത് കേട്ടെങ്കിലും അത് മുഴുമിപ്പിക്കാന്‍ സമ്മതിക്കാതെ ഞാന്‍ ചോദിച്ചു: “ നീ കുടിച്ചിട്ടുണ്ടോ മനുവേ?” എന്റെ ചോദ്യം ആദ്യം കേട്ടില്ലാന്നു നടിച്ചു ബോംബയിലേക്ക് വരുന്നതിനെ പറ്റി മാത്രം പുലമ്പിക്കൊണ്ടിരുന്ന അവന്‍ ഞാന്‍ ചോദ്യത്തിന് മറുപടിതരാതെ സംസാരം തുടരില്ല എന്ന് മനസ്സിലാക്കിയത് കൊണ്ടാവണം, “കുടിച്ചിട്ടുണ്ടോ” എന്നത് ആദ്യം നിഷേധിച്ചും പിന്നെ ഗത്യന്തരമില്ലാതെ “രണ്ടു ബിയറെ അടിച്ചുള്ളൂ” എന്നും മറുപടി തന്നുകൊണ്ട് വീണ്ടും ബോംബയ്ക്ക് പോകുന്നതിനെപ്പറ്റിയും മറ്റെന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. ഞാന്‍ അതൊന്നും കേട്ടില്ല. മനു എന്താണ് പറയുന്നത് മുഴുവന്‍ കേള്‍ക്കാന്‍ എനിക്ക് സമയമില്ലായിരുന്നു. ഇടയ്ക്കെപ്പോഴോ- “ ഞാന്‍ നമ്മുടെ ബീച്ചിലാടോ” എന്ന് അവന്‍ പറഞ്ഞത് ശ്രദ്ധിച്ചു. “ടിക്കറ്റ് book ചെയ്തിട്ട് നിന്നെ ഞാന്‍ വിളിക്കാം, നീ ഇപ്പൊ വീട്ടില്‍ പോകാന്‍ നോക്ക്.” എന്നും പറഞ്ഞു ഞാന്‍ ഫോണ്‍ വച്ച്. അപ്പഴും അവന്‍ പറഞ്ഞു തീര്‍ന്നില്ലായിരുന്നു…
രാത്രി അച്ഛന്റെ ഫോണ്‍ വന്നപ്പോള്‍ ഞാന്‍ നല്ല ഉറക്കത്തിലായിരുന്നു. പക്ഷേ അച്ഛന്‍ എല്ലായിപ്പോഴത്തെയും പോലെ, വളച്ചുകെട്ടില്ലാതെ, ഇടറുന്ന ശബ്ദത്തോടെഎങ്കിലും , ഒരു ദാക്ഷിണ്യവുമില്ലാതെ മരിച്ചെന്ന വിവരം അറിയിച്ചു. ഏറണാകുളത്തേക്കുള്ള ബസ്സില്‍ കയറിയിരുന്നപ്പോഴും, എനിക്ക് പൂര്‍ണ്ണമായി വിശ്വാസംആയില്ല. ചിലപ്പോള്‍ അച്ഛന്‍ ചുമ്മാ പറഞ്ഞതാവും.
മൗനത്തിലാണ്ട യാത്രയെങ്കിലും ഒരു ചോദ്യോത്തരവേള ഉള്ളില്‍ അരങ്ങേറുകയായിരുന്നു. അന്ന് രാത്രിയിലെ ഇടയ്ക്ക് വച്ച് മുറിഞ്ഞുപോയ വാക്കുകളും, ഞാനായി തടയിട്ട വര്‍ത്തമാനങ്ങളും, കേള്‍ക്കാതിരുന്നതും, കേട്ടില്ലെന്ന് നടിച്ചതുമായ പുലമ്പലുകളും മാത്രമായിരുന്നു ആ യാത്ര മുഴുവന്‍ എന്റെ ചിന്തയില്‍. അവ എന്റെ തലയ്ക്കുള്ളില്‍ നിന്ന് പുറത്തേക്കു ചാടാന്‍ നോക്കുമ്പോഴെല്ലാം ഇടയ്ക്കിടെ ഞെട്ടിതെറിച്ചും, ജീവനെ ഇറുക്കി പിടിച്ചും ഒരുവിധം കഴിച്ചുകൂട്ടി. ഫോണ്‍ ഇടയ്ക്കിടെ ബെല്ലടിക്കുന്നു. ആരെന്നു പോലും നോക്കിയില്ല…
വളപ്പ് വീട്ടില്‍ ചെന്നപ്പോള്‍ ഞാനാകെ തളര്‍ന്നിരുന്നു.
മുന്‍പൊരിക്കല്‍, 2008-ല്‍ ഇതേ സംഭവങ്ങള്‍ അരങ്ങേറിയത് ഓര്‍മ്മയില്‍ മിന്നി മറഞ്ഞു. വളപ്പിലച്ചന്റെ മരണം. രാത്രി അച്ഛന്റെ ഫോണ്‍ വരുന്നു, രാത്രിക്ക് രാത്രി ചുള്ളിക്കലില്‍ നിന്ന് വല്യച്ഛന്റെ കൂടെ വരാന്‍ നോക്കിയെങ്കിലും ജങ്കാറും പെട്രോളും ഇല്ലാത്തതിനാല്‍ മടങ്ങേണ്ടിവന്നതും, പിന്നെ രാവിലെ ചേട്ടന്‍ കൊണ്ടുപോയി വളപ്പില്‍ ആക്കി തന്നതും, അവിടെ എന്നെയും കാത്തു നിന്നവരില്‍ മനുവും ഉണ്ടായിരുന്നതും, ഞാനും മനുവും കൂടി നില്‍ക്കാന്‍ പോലും ത്രാണിയില്ലാതിരുന്ന അമ്മയും ചിറ്റമ്മയും വളപ്പിലമ്മയും ചെയ്യുമായിരുന്ന പല കാര്യങ്ങളും ഞങ്ങള്‍ രണ്ടുപേരും കൂടി ചെയ്തു തീര്‍ത്തതും ഓര്‍ക്കുന്നു…….