എത്ര ശ്രമിച്ചിട്ടും നേര്യമംഗലത്തെ മഴ മനസ്സില്‍ നിന്ന് പോകുന്നില്ല..
ആദ്യം ഇന്റര്‍വ്യൂ-ന് വന്നപ്പോഴേ കണ്ടതും മനസ്സിലിടം പിടിച്ചതും ആ മഴയും, മഴയില്‍ നനഞ്ഞു ചോരയുടെ നിറമുള്ള ചെമ്പരത്തി പൂക്കളുമായിരുന്നു.. പിന്നെ അവിടെ നിന്ന് നോക്കിയാല്‍ കാണാവുന്ന കുത്തിയോഴുകിയിരുന്ന വെള്ളച്ചാട്ടവും! ബസ് മല കയറിയിറങ്ങുമ്പോള്‍ വീണ്ടും പല വലിപ്പത്തിലും ആകൃതിയിലുമുള്ള വെള്ളച്ചാട്ടങ്ങള്‍! ഗ്രൗണ്ടില്‍ നിന്ന് ഓടയിലെക്കൊഴുകിയിരുന്ന മഴവെള്ളത്തിനും ഒരു കൊച്ചു വെള്ളച്ചാട്ടത്തിന്‍റെതെന്നപോലെ ഭംഗി! അന്നാദ്യമായി അത്രയും തെളിച്ചമുള്ള വെള്ളം ഞാന്‍ ഓടകളില്‍ കണ്ടു! ( കൊച്ചിയിലെ ഓടകള്‍(കാനകള്‍) മാത്രം കണ്ടിട്ടുള്ള എനിക്ക് അതൊരു ആശ്ചര്യമായിരുന്നു! തിരിച്ചു വീണ്ടും പഴയ സ്കൂളില്‍ ചെന്നപ്പോള്‍ (യാത്രപറയാനായി) ഞാന്‍ വാതോരാതെ പറഞ്ഞ നേര്യമംഗലം മഴയുടെയും, മലകളുടെയും, തെളിഞ്ഞ വെള്ളമുള്ള ഓടകളുടെയും നാടായിരുന്നു! കടലില്‍ മഴ പെയ്തിറങ്ങുന്നത് ധാരാളം കണ്ടിട്ടുണ്ട്.. പക്ഷേ നേര്യമംഗലം മഴ പല രൂപത്തിലും ഭാവത്തിലും വന്നിരുന്നു! ചിലപ്പോള്‍ ദൂരെ നിന്നേ മഴ പെയ്തു വരുന്നത് നോക്കിയാല്‍ കാണാമായിരുന്നു; ഒരിടത്ത് മഴപെയ്യുമ്പോള്‍ ചെലപ്പോള്‍ ഒരടിയകലത്തില്‍ മഴ എത്തിയിട്ടുണ്ടാവില്ല. അങ്ങനെ വരുന്നത് കാണുമ്പോള്‍ കുട നിവര്‍ത്തി ഒരുങ്ങി നില്‍ക്കും.. പി റ്റി സമയത്ത് മഴപെയ്യാന്‍ എത്രയോ ദൈവങ്ങളെയാണ് വിളിച്ചിരിക്കുന്നത്! പക്ഷേ അത് അസ്സെംബ്ലി പ്രോഗ്രാം ഉള്ള ആഴ്ചയാനെങ്കില്‍ മഴ പെയ്യല്ലേ എന്നാവും പ്രാര്‍ത്ഥന! മഴ പെയ്താല്‍ എല്ലാവരെയും ഡോര്‍മിട്ടറിയില്‍ വിടുമ്പോള്‍ ആസ്വദിച്ചുള്ള ഒരു കുളി മുടങ്ങും! പിന്നെ തിക്കും തിരക്കും! നാട്ടിലെ മഴ എപ്പോഴും രാവിലെയും വൈകീട്ടുമായിരുന്നു കൃത്യനിഷ്ഠയോടെ പെയ്തിരുന്നത്; സ്കൂളിലേക്ക് പോകുമ്പോള്‍ ഒന്ന്, തിരിച്ചു വരുമ്പോള്‍ ഒന്ന്! ആരോ മനപൂര്‍വ്വം പറഞ്ഞേല്‍പ്പിച്ചിട്ടെന്നപോലെ, നനയ്ക്കാന്‍ കരുതിക്കൂട്ടിയുള്ള മഴ! പക്ഷേ ഇവിടത്തെ മഴ അതിനേക്കാള്‍ കണിശക്കാരിയായിരുന്നു. അസ്സെംബ്ലി ടൈം മുതല്‍, ബ്രേക്ഫാസ്റ്റ്, ലഞ്ച്, എന്നിങ്ങനെയുള്ളവയ്ക്കുള്ള ബെല്ലടിക്കുന്ന സമയം നോക്കി കൃത്യമായി പെയ്യുമായിരുന്നു! ഗെയിംസ് ടൈം കഴിഞ്ഞാണ് മഴ വരുന്നതെങ്കില്‍ ഗേള്‍സ് ഡോര്‍മിട്ടറിയുടെ അടുത്തുള്ള ടീച്ചേര്‍സ് ക്വാട്ടേര്‍സ് കഴിയുമ്പോഴേ കുട ചുരുക്കി മഴ നനയും!!!( നേഴ്സ് മാഡം കാണുമ്പോഴൊക്കെ കണക്കിന് കിട്ടുമായിരുന്നു) രാത്രിമഴകള്‍ എന്‍റെ ഓര്‍മ്മയില്‍ ഇല്ലാത്തതാണോ, അതോ തെളിയാത്തതാണോ?? അറിയില്ല! ഇവിടെയും മഴ വീറോടെ പെയ്യുകയാണ്! എങ്കിലും ആറാം ക്ലാസ്സിന് അടുത്തുള്ള ബാല്‍ക്കണിയില്‍ നിന്ന്കൊണ്ട് മഴപെയ്യുന്നത് നോക്കിക്കാണാനാണ് ഇപ്പോഴും ഏറെയിഷ്ടം! ആ ഇടനാഴികളില്‍ എവിടെയോ ചാറ്റലടിച്ചു വീണു ചിതറിത്തെറിച്ച ഓര്‍മ്മയിലെ മഴ; അതിന്നും നനുത്ത ഒരു നൊമ്പരമായി ആത്മാവിന്‍റെ ഉള്ളറകളില്‍ പെയ്തൊഴിയാതെ നില്‍ക്കുന്നു!
Dated: 27 June 2011 at 12:09