ചുറ്റിനും വെള്ളമായിരുന്നു.
ഒരു മഴ വന്നാല്‍ തോടും വീടും തിരിച്ചറിയാന്‍ പാടില്ലാതത്ര വെള്ളം. എന്നിട്ടും മഴ വരുന്നത് എല്ലാര്‍ക്കും സന്തോഷമായിരുന്നു. പറമ്പില്‍ നിറയെ മത്തയും വെണ്ടക്കയും പീച്ചിലും കാച്ചിലും ഒക്കെ വെളയുന്ന സമയം. വൈപ്പില്‍ പൊതുവെയുണ്ടായിരുന്ന ശുദ്ധജല ക്ഷാമത്തിന് അറുതി വരുന്ന സമയം. എല്ലാ തെങ്ങില്‍ നിന്നും വീടിന്റെ ടെറസ്സില്‍ നിന്നും ഒക്കെ ഓരോരോ വെള്ളച്ചാലുകള്‍ ഉണ്ടാവുന്ന സമയം. കാലിട്ടടിച്ച് കളിക്കാനും കോരിക്കുളിക്കാനും ഇഷ്ടം പോലെ വെള്ളം.
തെക്കെലേം പടിഞ്ഞാറെലേം വടക്കെലേം കെഴക്കെലേം( വീട് നില്‍ക്കുന്നതിന്റെ നാല് ദിക്കും അനുസരിച്ചാണ് അയല്‍വക്കക്കാരെ അഭിസംബോധന ചെയ്യുക) കുട്ടികള്‍ എല്ലാരും കൂടി ഒരുമിച്ചു കുരുത്തക്കേട് ചെയ്യുന്ന സമയം. കൂരിയെ (കാരി) ചൂണ്ടയിട്ടു പിടിച്ചും പൂച്ചോട്ടിയെ കുഞ്ഞു വലകൊണ്ടു പിടിച്ചും (ഇടയ്ക്കിടയ്ക്ക് തവളപ്പൊത്തലുകളും പിടിയില്‍ വീണിട്ടുണ്ട്) പിന്നെ മഴയത് മുറ്റത്ത്‌കേറി വന്നു കിടക്കാന്‍ ധൈര്യം കാണിക്കുന്ന കറൂപ്പിനെ വടിയും വാക്കത്തിയും കൊണ്ട് തല്ലിപ്പിടിച്ചും അത്യന്തം സംഭവബഹുലമായി ഓരോ മഴക്കാലവും കടന്നു പോയി. വളപ്പിലച്ഛന്റെ കൂടെ (വല) വീശാന്‍ ഇറങ്ങുമ്പോള്‍ പരിചയക്കാര്‍ കളിയാക്കി ചോദിക്കും –“ കൊച്ചീക്കാര്‍ ചെമ്മീനും കരിമീനും തിന്നാന്‍ വന്നല്ലോ” എന്ന്. വളപ്പു വീട് സത്യത്തില്‍ ഒരു vacation spot ആയിരുന്നു.
അതുപോലെ ഒരു മഴയ്ക്ക് മുന്‍പാണ് മനു വന്നത്. ഞാന്‍ വളപ്പില്‍ എത്തിയപ്പോള്‍ അവന്‍ അവിടെ ഉണ്ടായിരുന്നു. എന്റെ പടിഞ്ഞാറേ മുറിയില്‍ അവന്‍ സ്ഥിരതാമാസവുമാക്കി. കുറെ എതിര്‍ത്തും വാശി കാണിച്ചും കൂട്ടുകാരുടെ കൂടെ കൂട്ടാതെയും ഒക്കെ ഞാന്‍ പഠിച്ച പണി പതിനെട്ടും നോക്കി- അവനെ അവിടെ നിന്ന് ഒഴിവാക്കാന്‍. അതുവരെ എന്റെ മാത്രം ‘ആധിപത്യത്തില്‍’ ആയിരുന്ന വീടും പറമ്പും, എനിക്ക് മാത്രം അറിയാമായിരുന്ന “record book” ശേഖരങ്ങള്‍, syringe-ഉകള്‍, scalpel-കള്‍ , മറ്റു surgical equipments( ഇതെല്ലാം ആയിരുന്നു എന്റെ കളിപ്പാട്ടങ്ങള്‍ ), അവയെല്ലാം ഒളിപ്പിച്ചു വച്ചിരുന്ന ഇരുമ്പ് പെട്ടികള്‍, ജൈകോ-ന്റെ കടയിലെ പലഹാരങ്ങള്‍, എല്ലാത്തിനും ഉപരിയായി എന്റെ മാത്രം എന്ന് ഞാന്‍ വിശ്വസിച്ചിരുന്ന വളപ്പിലമ്മയും വളപ്പിലച്ഛനും എല്ലാം പെട്ടെന്നൊരു ദിവസം മറ്റൊരാള്‍ക്ക് കൂടി കൊടുക്കേണ്ടി വന്നതിലും ; മാത്രമല്ല ആ വന്നയാള്‍ എന്നെ പോലെ തിരിച്ചു പോകാന്‍ വന്നതല്ലെന്നും കൂടി അറിഞ്ഞപ്പോള്‍ എന്റെ ക്ഷമ നശിച്ചു കാണണം. മനു ആദ്യകാലങ്ങളില്‍ എനിക്ക് അരോചകം മാത്രമായിരുന്നു. എങ്കിലും ഞാന്‍ വഴക്കുണ്ടാക്കുമ്പോള്‍ എല്ലാം അവന്‍ ചിരിച്ചുകൊണ്ട് നിന്നു..
പിന്നീടെപ്പോഴോ ആ ചിരിയില്‍ ഞാന്‍ അലിഞ്ഞിരിക്കണം. അതുകൊണ്ടാവണം പിന്നീട് കരിക്കിടാനും ചൂണ്ടയിടാനും പിന്നെ തവളകളെ operation ചെയ്യാനും എല്ലാം അവനായി ഞങ്ങളുടെ നേതാവ്..
ഇന്നിപ്പോള്‍ അവന്റെ ഓര്‍മ്മകള്‍ ഉള്ളില്‍ ഒരു പൊട്ടാന്‍ ആങ്ങി നില്‍ക്കുന്ന ഒരു അണക്കെട്ടായി മാറിയിരിക്കുന്നു.
എങ്കിലും ആ ഓര്‍മ്മകളെ അടുക്കും ചിട്ടയോടും കൂടി പിരുത്തിടാന്‍ നോക്കുമ്പോള്‍ അവയെല്ലാം കൂടി കൂടികുഴഞ്ഞുഒന്നായി വീണ്ടും എനിക്ക് നേരെ കോക്രി കാട്ടുന്നു. കാതില്‍ മുഴങ്ങുന്നത് “ മീനുവേ.” എന്നുള്ള വിളിയും.
മഴ ശരിക്കും ഒരു ഉത്സവമായിരുന്നു. പക്ഷേ ഓരോ മഴക്കാലവും എന്നില്‍ നിന്നടര്‍ത്തിക്കൊണ്ട് പോയത് ഓരോരോ പ്രിയപ്പെട്ടവരെയാണ്.
മഴ പെയ്യുന്നു.
എഴുതാന്‍ തോന്നിയപ്പോള്‍ ഓര്‍മ്മവന്നത് മങ്ങിയ പച്ച നിറത്തിലെ ഇല്ലന്റില്‍ ഇടയ്ക്കിടെ തെളിയാത്ത മഷികൊണ്ടെഴുതിയ നിന്റെ അക്ഷരങ്ങള്‍- എന്നോട് വേഗം വരാന്‍ പറഞ്ഞു കൊണ്ട് ‘ചുരുക്കിയ കത്ത്’
പിന്നെ ഒരിക്കല്‍ ഒരു മഴക്കാലത്തെ പറ്റി എഴുതി തുടങ്ങിയപ്പോള്‍ — ഞാന്‍ വരച്ചു വെച്ച മഴച്ചിത്രം തുടങ്ങുന്നതിങ്ങനെ — “ ഒരു മഴക്കാലത്തിനു മനുവിന്റെ മുഖമായിരുന്നു”
ഇനി എന്റെ ഓര്‍മ്മകളിലെ എല്ലാ മഴക്കാലത്തിനും നിന്റെ മുഖം മാത്രമായിരിക്കും.
Originally posted on medium.com , Jun 1, 2017. Click here
The photo in this post is from my series Ghost of the Mangroves. Manu's presence and memories make the series hauntingly beautiful.