രാവിലെ മുതല്‍ പള്ളിയും പള്ളിപ്പാട്ടുമൊക്കെയായി ന്യൂസ്ഫീഡ് നിറഞ്ഞു കവിയുന്നു. പെട്ടെന്നൊരു പള്ളിപ്പാട്ട് (ക്രിസ്ത്യന്‍ ഭക്തിഗാനം എന്നാണു ഉദ്ദേശിച്ചത്) നാവിന്ത്തുമ്പിലെത്തി. ഒപ്പം ആ പാട്ട് അങ്ങോട്ടെത്തിയ വഴികളും ഓര്‍മ്മ വന്നു. തൊണ്ണൂറ്റിഏഴു-എട്ടു കാലഘട്ടത്തില്‍ ഞങ്ങള്‍ വാടകയ്ക്ക് താമസിച്ചിരുന്നത് കൊച്ചിയുടെ/ഫോര്‍ട്ട്കൊച്ചിയുടെ പോപ്പുലര്‍ ഇമാജിനേഷനിലോ മാപ്പിലോ അധികമൊന്നും രേഖപ്പെടുത്താത്ത/കാണപ്പെടാത്ത, വെളി ബീച്റോഡിലെ സെന്റ്ജോണ്പാട്ടം ഫിഷര്‍മാന്‍ കോളനിയിലായിരുന്നു. എണ്‍പതുകളുടെ ആദ്യം( എണ്‍പത്തി ഒന്നോ രണ്ടോ ആയിരിക്കണം, കൃത്യമായി അറിയില്ല- Dronacharya കമ്മീഷന് ചെയ്തത് 1983-ല്‍ ആണെന്നിരിക്കേ) നേവിയുടെ Gunnery School ആയ INS Dronacharyaക്ക് വേണ്ടി സ്ഥലമെടുത്തപ്പോള്‍ ഫോര്‍ട്ട്കൊച്ചി തീരദേശത്തുനിന്ന് മകുടിയോഴിപ്പിച്ചവരെ മാറ്റിതാമസിപ്പിച്ചരായിരുന്നു ആ കോളനിയില്‍. പേരുപോലെ തന്നെ മത്സ്യ’ത്തൊഴിലാളികള്‍’ എന്ന് CPIM അടയാളപ്പെടുത്തിയ, ലാറ്റിന്‍കാത്തലിക് വിഭാഗത്തില്‍ പെട്ടവരും പിന്നെ വളരെ കുറച്ചു അരയസമുദായകാരും. ഞാന്‍ ആറാം ക്ലാസ്സ് വരെ പഠിച്ച കോണ്‍വെന്റ് സ്കൂളില്‍ വെച്ചിരുന്ന ‘prayer song’-ല്‍ നിന്ന് വ്യത്യസ്തമായ ഒരു ‘ഓള’മൊക്കെയുള്ള കുറെ ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ഞാന്‍ അവിടെ വെച്ച് പഠിച്ചു. ദിവസങ്ങള്‍ ആ പാട്ടുകളില്‍ തുടങ്ങി , ആ പാട്ടുകളില്‍ അവസാനിച്ചു.ഒരു വീട്ടില്‍ പാട്ട് വെച്ചാല്‍ അടുത്തവീടുകളിലും അത് കേള്‍ക്കുക/കേള്‍പ്പിക്കുക അവിടത്തെ നിര്‍ബന്ധമായിരുന്നു. ( എപ്പോഴും background-ല്‍ പാട്ടുവേണം എന്ന എന്റെ ശീലവും തുടങ്ങിയത് അവിടെ നിന്നെന്നു തോന്നുന്നു) ആ പാട്ടുകള്‍ക്കൊത്ത് ഡാന്‍സ് കളിക്കുകയും, എന്റെ അപ്പോഴത്തെ പൊക്കത്തിന്റെ അഞ്ചിരട്ടിഎങ്കിലും ഉണ്ടായിരുന്ന സീവോളില് പെടച്ചു കേറി കടല്‍ കാണാന്‍ നില്ക്കുമ്പോള് ഞാനും സഞ്ജുവും ( അവിടത്തെ എന്റെ സുഹൃത്ത്, എന്ത് ചെയ്യുന്നെന്നു ഒരു പിടീം ഇല്ല) “സാഗരങ്ങളെ ശാന്തമാക്കിയോന്‍”, പാടുന്നതും, കരിങ്കല്ലിന്റെ കുഴിഞ്ഞഭാഗങ്ങളില് കടല്‍വെള്ളം വീണ് ഉണങ്ങി ഉപ്പായത് അടര്‍ത്തി എടുക്കുമ്പോള്‍ ബൈബിളിലെ ‘ഉപ്പിന്റെ വചനം’ നാടകീയമായി വിളിച്ചുപറയുന്നതുമെല്ലാം ഒട്ടും strange ആയി അന്ന് തോന്നിയില്ലെങ്കിലും , ഇപ്പോള്‍ ചിരി വരുന്നുണ്ട്. ആ സീവാള്ളും ഭേദിച്ച് ഇടയ്ക്കികെ ഇരച്ചു കേറി വരുന്ന കടല്‍ പലപ്പോഴും അമ്മയ്ക്ക് എടുത്തു പൊക്കി മാറ്റാന്‍ പറ്റാത്ത സാധനങ്ങള്‍ ( അമ്മിക്കല്ല് , ഉരല് etc)നീക്കി വെച്ചുതരികയും , പഴയ കുടം ചളുക്കി(കല്ലില്‍ ഇടിപ്പിച്ച്) പുതിയത് വാങ്ങാന്‍ കാരണം ഉണ്ടാക്കുകയും, നീലിമയെ ‘മലര്‍ത്തി’ അടിക്കുകയും ഒക്കെയായി അങ്ങനെ ‘ഉപകാരപ്രദമായ’ പലതും ചെയ്തതിനൊപ്പം , വീടിന്റെ പടിയിലിരുന്നു വായിച്ചിരുന്ന എന്റെ പുസ്തകങ്ങള്‍ നനച്ചുകീറി ദ്രോഹിക്കുകയും, അടുത്ത വീട്ടിലെ ആന്റിയുടെ ഒരു ഈസ്റ്റര്‍ ഞായറാഴ്ച സ്പെഷ്യല്‍ ആയ ഇറച്ചികറി കലത്തോടെ അടിച്ചോണ്ട് പോകുകയുമൊക്കെ ചെയ്തിട്ടുണ്ട്- ഇതെല്ലാം അവിടെ തികച്ചും ‘normal’ ആയ കാര്യങ്ങളും. ചെല്ലാനം വരെ നീണ്ടുകിടക്കുന്ന കൊച്ചിയുടെ ഈ തീരദേശങ്ങള്‍ പുറംലോകം അറിയാര് മിക്കവാറും അവിടത്തെ കടലാക്രമണത്തിന്റെ രൂക്ഷത കൊണ്ട്മാത്രമായിരുന്നു. പണ്ടൊരിക്കല്‍ ഫോര്‍ട്ട് കൊച്ചി എന്ന പേരില്‍ ഒരു സിനിമ ഇറങ്ങിയിരുന്നു- ഓടിച്ചുകണ്ടിട്ടു ചെല്ലാനം ബീച്ച്റോഡ് ഭാഗങ്ങളില്‍ ചിത്രീകരിച്ചതാണെന്ന് തോന്നുന്നു. ‘കലാമൂല്യം’ കൊണ്ട് മുഴുവന്‍ കാണാന്‍ തോന്നിയില്ല. എങ്കില്‍ കൂടിയും പോപ്പുലര്‍ കള്ച്ചരിലൂടെ വരച്ചുവെച്ച ‘ഫോര്‍ട്ട്കൊച്ചി’-യെ deconstruct ചെയ്യുന്ന എന്നതുകൊണ്ട് അത് ഒരു വേറിട്ട ശ്രമമായി കാണേണ്ടതുണ്ട്. എല്ലാ വര്‍ഷവും സീവാള്ളിന്റെ ഉയരം കൂട്ടിയിരുന്നു- അതും 4 പേര് ചേര്‍ന്ന് മുളവടിയില്‍ തൂക്കിയിട്ട ചങ്ങലകൊണ്ടു കൂറ്റന്‍കല്ല് പൊക്കിയെടുത്ത്, താല്‍ക്കാലികമായി വെച്ചിരുന്ന മരപാലത്തിലൂടെ കയറി സീവാല്ലിന്റെ മുകളില്‍ കൊണ്ടുപോയി വെച്ച്. അപ്പോള്‍, പറഞ്ഞു വന്നതെന്തെന്ന് വെച്ചാല്‍ , അങ്ങനെയൊരു കാലത്ത് (ഇപ്പോഴും) പ്രിയപ്പെട്ട ഒരു പാട്ടായിരുന്നു നേരത്തെ പറഞ്ഞ , കെ ജി മാര്‍ക്കോസ് പാടി അവതരിപ്പിച്ച ‘സാഗരങ്ങളെ ശാന്തമാക്കിയോന്‍’ ( കടലിനോടുള്ള everyday proximity കൊണ്ടും കൂടി ആണെന്ന് തോന്നുന്നു ആ പാട്ട് അന്ന് അവിടെ പലര്‍ക്കും അര്‍ത്ഥവത്തായത് എന്ന് തോന്നുന്നു. പാടി മുഴുമിപ്പിച്ചു കടലിലെ തിരയെങ്ങാന് നില്ക്കുന്നുണ്ടോ എന്ന് ഞാനും സഞ്ജുവും എപ്പോഴും നോക്കുമായിരുന്നു. :D) അത്രമാത്രം പോപ്പുലര്‍ ആയ ഗാനങ്ങള്‍ പാടിയ മാര്‍ക്കോസ് ആ കാലത്തേ മിമിക്രിക്കാരുടെ ഒരു സ്ഥിരം ഐറ്റമായിരുന്നു. യേശുദാസിനെ അനുകരിക്കുന്നു എന്ന പഴിക്കു പുറമേ ,ഒരേ പള്ളിപ്പറമ്പില്‍ ഒരേ വേദിയില്‍ അദ്ദേഹത്തിന്റെ പാട്ടുകള്‍ പാടപ്പെടുകയും എന്നാല്‍ അദ്ദേഹത്തെ mock ചെയ്യുന്നതും കണ്ടിട്ടുണ്ട്. അന്നൊക്കെ ആലോചിച്ചിട്ടുണ്ട് ‘ഇങ്ങേരെ ഇത്രയ്ക്ക് ഇഷ്ടമല്ലെങ്കില്‍ ഇങ്ങേരുടെ പാട്ട് പാടാതിരുന്നാല്‍ പോരെ എന്ന്’. രണ്ടായിരത്തിനു ശേഷം അതെ രീതിയില്‍ ചിലപ്പോഴൊക്കെ അതിനേക്കാള്‍ ഭീകരമായ രീതിയില്‍ മിമിക്രിക്കാരും അല്ലാതവരുമൊക്കെ ‘കളിയാക്കിയ’(incriminated would be a better word) വേറൊരു പ്രതിഭയായിരുന്നു ജാസ്സീ ഗിഫ്റ്റ്. ഇവിടെയാണ് പണ്ട് യേശുദാസ് എന്നാ ലത്തീന്‍ കത്തോലിക്കന് എങ്ങനെ സവര്‍ണ്ണ /ലിബറല്‍/പ്രോഗ്രെസ്സിവ്/secular ‘മലയാളിയുടെ’ ഐക്കണ്ആയി മാറിയയതിനെ ചേര്‍ത്തു വായിക്കേണ്ടതും. എങ്കിലും മര്‍ക്കോസിന്റെയും ജാസ്സിയുടെയും സംഗീതം കാലത്തിനെയും കളിയാക്കലുകളെയും അതിജീവിച്ചു- പ്രത്യേകിച്ചും ചില മാര്‍ജിനുകളില്‍. അതെ കാസെറ്റിലെ ‘ഇസ്രയേലിന് നാഥനായി വാഴും’ എന്നാ ഹിറ്റ് പാട്ടിന്റെ തുടക്കത്തില്‍ LMS പള്ളി കാണിക്കുന്നത് ചിലപ്പോള്‍ coincidence മാത്രമാകും. വാല്‍ക്കഷണം: CDS-ല്‍ Development Induced Displacement-നെ പറ്റി പഠിക്കുന്ന(ജോലിയുടെ ഭാഗമായി) സമയത്ത് ഞാനും ഒരു സഹപ്രവര്‍ത്തകനും കൂടി, ഞങ്ങള്‍ക്ക് relevant അല്ല എന്ന് അറിഞ്ഞിട്ടു കൂടി ഈ Dronacharya project affected സ്ഥലങ്ങളില്‍ പോയി. Fisherman കോളനി ഓര്‍മ്മകളും പഴയ കൂട്ടുകാരുമോക്കെയാണ് ആ വഴി എന്നെ എത്തിച്ചത്. പഴയ ഒരു കടക്കാരന് അങ്കിള്‍നെ അല്ലാതെ വേറെ ആരെയും എനിക്ക് ഓര്‍മ്മയില്ലായിരുന്നു. ആ അങ്കിള്‍നു എന്നെയും മനസ്സിലായില്ല. അന്ന് കോളനിയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ വീടുകളും, കുടുംബങ്ങളും ആളുകളും. പക്ഷേ ഓരോ കുടംബത്തിനും അഞ്ചു സെന്റ് ഉണ്ടായിരുന്നത് , റോഡിലേക്ക് കേറ്റി സ്ഥലമെടുതിട്ടു കൂടി, രണ്ടും,ഒന്നും, ഒന്നരയുമൊക്കെയായി. കുറച്ചു പേര് ഇരുന്നു വല നെയ്യുന്നതും കണ്ടു. തൊട്ടടുത്തെ രാമേശ്വരം ചക്ക്ലിയ കോളനി, കേരളത്തിലെ പുരോഗമന മുഖംമൂടിയുടെ അകത്തെ യാഥാർഥ്യം ആണ്. INS Dronacharya തുടങ്ങി രണ്ടുപതിറ്റാണ്ട്കൾ കഴിഞ്ഞിട്ടും നീതി ലഭിക്കാഞ്ഞ, ഓരത്താക്കപ്പെട്ട ഒരു സമൂഹം… ഒരുപക്ഷേ ഇത് തന്നെയായിരിക്കണം മാര്ക്സിസ്റ്റ്കാര് ഉദ്ദേശിച്ച ‘historical land-reform’. ഓർമ്മകൾ … എന്തായാലും അതോടെ ഞാന്‍ CDS ജോലി വിട്ടു വീണ്ടും പഠിക്കാന്‍ ചേര്‍ന്ന്.